മലപ്പുറം: പണവും എടിഎം കാര്‍ഡും കവര്‍ന്ന ശേഷം മോഷ്ടാവ് അതേ വീട്ടിലെ പര്‍ദ്ദ ധരിച്ച് എടിഎമ്മില്‍ നിന്നും പണവും പിന്‍വലിച്ച് കടന്നു. തിരൂരങ്ങാടി താഴെ ചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ ബാവയുടെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ഏഴിനാണ് വീട്ടില്‍ മോഷണം നടന്നത്.
ആളില്ലാത്ത സമയം വീട്ടിനുള്ളിലേക്ക് കയറിയ കള്ളന് ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാര്‍ഡുകള്‍, 15000 രൂപ, മൊബൈല്‍ ഫോണ്‍, പര്‍ദ്ദ, ടീഷര്‍ട്ട് എന്നിവ മോഷ്ടിച്ചു. തുടര്‍ന്ന് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനായി ഉമ്മുഹബീബ കേരള ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മില്‍ നിന്നും 25000 രൂപ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കോട്ടയ്ക്കലിലുള്ള എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍ലിച്ചത് എന്ന് മനസ്സിലായി. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പര്‍ദ്ദയും മഫ്തയും ധരിച്ച് മുഖംമറച്ച് ഒരാള്‍ പണം കവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
എന്നാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായിട്ടില്ല. മോഷ്ടിച്ച ഫോണില്‍ നിന്നോ വസ്ത്രങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച പേപ്പറില്‍ നിന്നോ ആകാം മോഷ്ടാവിന് എടിഎം പിന് നമ്പര്‍ ലഭിച്ചതെന്ന് വീട്ടുകാര്‍ കരുതുന്നു.