തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നാളെ കോടതിയില്‍ ഹാജരാകും.
ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം എന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഡീന്‍ കുര്യാക്കോസിനെ കൂടാതെ കാസര്‍ഗോഡ് യുഡിഎഫ് ചെയര്മാന് കമറുദ്ദിന്‍, യുഡിഫ് കണ്‍വീനര്‍ എ ഗോവിന്ദന് നായര്‍ എന്നിവരും ഹാജരാകണം.
ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഏഴ് ദിവസം മുമ്പേ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.