തിരുവനന്തപുരം: മാര്‍ച്ച് മാസം എത്തും മുമ്പ് തന്നെ കടുത്ത ചൂടില്‍ വലഞ്ഞ് കേരളം. അസാധാരണമായ ചൂടല്ലെങ്കിലും കേരളത്തിലിപ്പോള്‍ ഉയര്‍ന്ന താപനിലയാണ്. കേരളത്തിലെ താപനില ശരാശരിയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിപ്പോള്‍.
ചൂട് തീവ്രമാകാന്‍ തുടങ്ങിയത് പ്രധാനമായും കോഴിക്കോടും ആലപ്പുഴയിലുമാണ്. സാധാരണ ഫെബ്രുവരിയിലെ ശരാശരിയില്‍നിന്ന് കോഴിക്കോട് ഇപ്പോഴുള്ള താപനില മൂന്ന് ഡിഗ്രിയും ആലപ്പുഴയില്‍ രണ്ട് ഡിഗ്രിയും കൂടുതലാണ്. ഇത് ഈ മാസം ഒന്നുമുതലുള്ള കണക്കാണ്.
ചൂടുകൂടാന്‍ പ്രധാന കാരണം അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശം കുറയുന്നതാണ്. എന്നാലിത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
ശനിയും ഞായറും തെക്കന്‍ജില്ലകളില്‍ നല്ല മഴ കിട്ടുമെന്നും പ്രതീക്ഷ ഉണ്ട്. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ന്യൂനമര്‍ദപാത്തി ഉടലെടുക്കുന്നതാണ് മഴപ്രതീക്ഷയ്ക്ക് കാരണം.
എന്നാല്‍ പതിവ് ചൂടുകേന്ദ്രങ്ങളായ പാലക്കാടും പുനലൂരും താപനില വര്‍ധിച്ചു തുടങ്ങിയിട്ടില്ല. താപനില പാലക്കാട് ശരാശരിയിലും 0.7 ഡിഗ്രി കുറവാണിപ്പോള്‍. പുനലൂരില്‍ വെറും 0.2 ഡിഗ്രിയാണ് കൂടുതല്‍. താപനില കോട്ടയത്ത് 1.4 ഡിഗ്രിയും കണ്ണൂരിലും തിരുവനന്തപുരത്തും 1.1 ഡിഗ്രിയും കൂടുതലാണിപ്പോള്‍.