മലപ്പുറം: തങ്ങളെക്കൂടാതെ മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തിയെന്ന് കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. ഇതിന്റെ വീഡിയോ കൈവശമുണ്ടെന്നും ഇവര്‍ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായല്ല മല ചവിട്ടിയതെന്നും ഇനിയും ദര്‍ശനം നടത്താനായി എത്തുമെന്നും കനക ദുര്‍ഗയും ബിന്ദുവും വ്യക്തമാക്കി.
തികച്ചും വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ മല ചവിട്ടിയതിന് ശേഷം ശബരിമലക്കു പുറപ്പെട്ടതു മുതല്‍ തന്റെ സഹോദരന് ഭരത് ഭൂഷണില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു.
തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സഹോദരനാണെന്നും ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാളെന്നും കനകദുര്‍ഗ വ്യക്തമാക്കി.