കൊച്ചി: മാസം 230 യൂണിറ്റിലേറെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി സ്മാര്‍ട് മീറ്ററുമായി കെഎസ്ഇബി. വൈദ്യുതി മീറ്ററുകള്‍ നഷ്ടം വരുത്തി വെയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ മീറ്ററുകള്‍ സ്ഥാപിക്കാനായി കെഎസ്ഇബി ഒരുങ്ങുന്നത്.
3.2 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണു പുതുതായി സ്ഥാപിക്കുന്നത്. സ്മാര്‍ട്ട്മീറ്ററുകള്‍ വെയ്ക്കുന്നതിലൂടെ ഓഫീസില്‍ ഇരുന്നു കൊണ്ട്തന്നെ ഓരോ മീറ്ററിലെയും കണക്കറിയാമെന്നതിനാല് ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാം. കെഎസ്ഇബിക്ക് ഉപഭോഗം സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകും. ഉപയോക്താക്കള്‍ക്കു ബില്ലില്‍ വരുന്ന സംശയങ്ങളും ഇതോടെ ഇല്ലാതാകും.
കേരളത്തില്‍ കേടായ വൈദ്യുതി മീറ്ററുകള്‍ 5.44 ലക്ഷമുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇത് മൊത്തം കണക്ഷനുകളുടെ 4.35 % വരും. ഇക്കൂട്ടത്തില്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെടും. ഇതുമൂലം സംഭവിച്ച നഷ്ടത്തിന്റെ കണക്ക് കൈസ്ഇബിക്ക് ഇന്നും അവ്യക്തമാണ്.
മീറ്റര്‍ കേടായാല്‍ അടുത്ത ബില്ലിങ് തീയതിക്കു മുന്‍പു പുതിയതു നല്‍കണമെന്നാണു നിര്‍ദേശം. എന്നാല്‍ 2 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും മാറ്റാത്ത മീറ്ററുകളുണ്ട്. കേടാകുന്നതിനു മുന്‍പുള്ള 3 മാസത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയുള്ള ബില്‍ ഉപഭോകാതാക്കള്‍ അടക്കുന്നു. മീറ്റര്‍ മാറ്റാനുള്ള കാലതാമസവും ഈ കാലയളവില്‍ ഊഹംവച്ചു ബില്‍ നല്‍കുന്നതും ഗാര്‍ഹിക ഉപയോക്താക്കളുടെ പരാതിക്കും ഇടയാക്കുന്നു.
മീറ്ററുകള്‍ കേടാക്കി വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി മോഷണം നടത്തുന്നതും പതിവാണ്. ഇതില്‍ നിരവധി സ്ഥാപനങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേടാണെന്നു കണ്ടെത്തിയ മീറ്ററുകളുടെ കണക്ക് മാത്രമാണു കെഎസ്ഇബിക്ക് ലഭ്യമായിട്ടുള്ളൂ. കേടായിരുന്നിട്ടും അറിയാത്ത മീറ്ററുകള്‍ ഇനിയുമേറെ കാണുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ കേടായ മീറ്ററുകള്‍ വെച്ച് വൈദ്യുതി തട്ടിപ്പ് നടത്തുന്നവരെ പിടിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.