വയനാട്: തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും വയനാട് ചുരത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാരഗിരി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത് 115 പേര് റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതോടെയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് 5 കിലോ മീറ്റര്‍ റോഡ് ഉദ്ഘാടനം ചെയ്തു.
റോഡ് വികസിപ്പിച്ചെടുത്തത് കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസ്റ്റ് പാതയുടെ ഭാഗമായാണ്. തുഷാരഗിരിയിലെ പുതിയ പാലത്തിലൂടെ കടന്നുവരുന്ന റോഡ് താമരശ്ശേരി ചുരത്തിലെ ദേശീയ പാതയുമായി കൂടിച്ചേരും. വയനാട്ടിലേയും തുഷാരഗിരിയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
ഈ സ്വപ്ന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ നാട്ടുകാരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഭിനന്ദിച്ചു. 115 പേരാണ് റോഡിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്. ഒരു സെന്റ് മുതല്‍ 65 സെന്റ് സ്ഥലം വരെ നല്കിയവര് ഇക്കൂട്ടത്തിലുണ്ട്. പലരും റോഡിനായി സ്ഥലമൊരുക്കിയത് കൃഷിഭൂമിയിലെ തെങ്ങും കവുങ്ങും റബ്ബറുമുള്‍പ്പെടെ മുറിച്ച് മാറ്റിയാണ്.
റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 22 കോടി രൂപ ചെലവിട്ടാണ്. 12 മീറ്റര്‍ വീതിയിലുള്ള ഇരുവരി പാതക്ക് ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. പിടിഎസ് ഹൈടെക്ക് പ്രൊജക്ട് ഇന്ത്യ ഗ്രൂപ്പിനായിരുന്നു നിര്‍മ്മാണ ചുമതല.