കോഴിക്കോട്: ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ എംബ്ലം മോഷണം പോവുന്നത് പതിവാകുന്നു. കാറുകളുടെ എംബ്ലങ്ങള്‍ മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന സംഘം നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. 5000 രൂപമുതല്‍ 12,000 വരെ രൂപയ്ക്കാണ് ഇത് മറിച്ചുവില്‍ക്കുക.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളാണുള്ളത്. കഴിഞ്ഞവര്‍ഷം നവംബറില്‍ എംബ്ലം മോഷ്ടിച്ച് വില്‍പ്പന നടത്തിയ നാല് യുവാക്കളെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വില കുറഞ്ഞ കാറുകളില്‍ ആഡംബരകാറിന്റെ പ്രൗഢി, കുറഞ്ഞ ചെലവില്‍ സ്വന്തമാക്കുകയാണ് എംബ്ലങ്ങള്‍ വാങ്ങുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഷണസംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഉടമകള്‍ക്ക് ആഡംബരകാറുകളില്‍ പുതിയ എംബ്ലം വയ്ക്കാന്‍ അയ്യായിരം രൂപവരെ ചെലവുവരും. കൂടാതെ കത്തിപോലുള്ള മൂര്‍ച്ചയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് എംബ്ലം മുറിച്ചെടുക്കുമ്പോള്‍ കാറിലെ പെയിന്റും മറ്റും ഇളകുകയും ചെയ്യും. ഇത് പെയിന്റടിച്ച് പഴയ രൂപത്തിലാക്കാനും വന്‍തുക ചെലവുവരും.
വട്ടാംപൊയില്‍ സ്വദേശി നാഫിസ് റസാഖിന്റെ ബെന്‍സ് സി 220 മോഡലില്‍നിന്ന് അഞ്ച് തവണയാണ് എംബ്ലം മോഷണം പോയത്. ബുധനാഴ്ച വൈകീട്ട് 6.30-ന് ബീച്ച് ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട കാറിന്റെ പിറകുവശത്തെ എംബ്ലം ആദ്യം മോഷണംപോയി. ഇതേദിവസം രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടപ്പോള്‍ മുന്‍വശത്തെ ചിഹ്നവും മോഷ്ടിച്ചു. ഒരുമാസത്തിനിടയ്ക്ക് ഇയാളുടെ കാറില്‍നിന്ന് അഞ്ചാം തവണയാണ് എംബ്ലം നഷ്ടപ്പെടുന്നത്.