തിരുവനന്തപുരം: ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചുവെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നതെന്ന് വനിതാ കമീഷന്. വിവാഹ വെബ്സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും കമ്മീഷന്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും വിവാഹമോചിതര്ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ നിലവിലുണ്ട്. എല്ലാം മോശമാണെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നാല്‍ ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ഇതുപോലുളള തട്ടിപ്പില്‍പെട്ട് വഞ്ചിക്കപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തതായി കമ്മീഷന് അംഗം ഇഎം രാധ പറഞ്ഞു. കമ്മീഷനില്‍ അടുത്ത ദിവസങ്ങളിലായി ഇത്തരം കേസുകള്‍ കൂടുകയാണെന്നും രാധ വ്യക്തമാക്കി.
കമീഷന്റെ വിലപ്പെട്ട സമയം അപഹരിക്കുന്ന വിധമുളള നിസാര പരാതികള്‍ കൂടുന്ന പ്രവണത ഗൗരവമായി കാണുന്നുവെന്നും കമ്മീഷന് അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.
നേരത്തേ അയല്‍വാസികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ നേരിട്ടുളള തര്‍ക്കങ്ങളിലൂടെ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അവരെ കുറിച്ചുള്ള മോശം കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ മുഴുവന്‍ അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. മധ്യസ്ഥന്മാരാല് പോലും പരിഹരിക്കപ്പെടാനാകാതെ ഇത്തരം കേസുകള്‍ കമീഷനു മുന്നിലെത്തുന്നുണ്ട്. ഈ രീതികള്‍ ആരോഗ്യകരമായ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.