പത്തനംതിട്ട: ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് റോഡിലേക്ക് തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരികെയെടുപ്പിച്ച് നാട്ടുകാര്‍. മല്ലപ്പളളിയിലാണ് സംഭവം. ബസിലെ യാത്രക്കാര്‍ റോഡിലേക്ക് ഉപേക്ഷിച്ച മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഡ്രൈവര്‍ തിരിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് തടയാനായി പഞ്ചായത്ത് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവരെ കുറിച്ച് വിവരം ധരിപ്പിക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി പത്തനാപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസിലെ അമ്പതോളം യാത്രക്കാര്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ സമീപത്തെ പുരയിടത്തിലും ഓടയിലും നിക്ഷേപിക്കുകയായിരുന്നു.
ഇത് കണ്ടെത്തിയ നാട്ടുകാരന് ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന് പരാതി നല്കി. പ്രസിഡന്റ് പരാതി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് കൈമാറി. പിന്നീട് ബസിന്റെ ഉടമസ്ഥനെ കണ്ടെത്തി ഫോണിലൂടെ കാര്യം അറിയിച്ചു.
കൂടുതല്‍ നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ സ്വയം മാലിന്യം നീക്കം ചെയ്ത് വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്കി. ഉടമസ്ഥന് ബസ് ജീവനക്കാരെ മൊബൈലിലൂടെ വിവരം ധരിപ്പിക്കുകയും ബസ് തിരികെ വന്ന് യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.