കോട്ടയം: ആനകളുടെ പരിപാലനത്തിനായി പുതിയ ചട്ടം വരുന്നു. രോഗം വന്ന് ചരിയുന്ന നാട്ടാനകളുടെ എണ്ണം കൂടിയതോടെ ആറുമാസത്തിലൊരിക്കല്‍ ആനകള്‍ക്ക് ലബോറട്ടറി പരിശോധന കര്‍ശനമാക്കി വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ ഉത്തരവിട്ടു. കൂടാതെ ആനയുടമകള്‍ക്കും പാപ്പാന്മാര്ക്കും ആഘോഷനടത്തിപ്പുകാര്‍ക്കും പുതിയ പരിപാലനച്ചട്ടങ്ങളും നല്‍കും.
രോഗപരിശോധനകള്‍ യഥാസമയം നടത്താത്തതും ചികിത്സ ലഭ്യമാക്കാത്തതും കാരണം 2018-ല്‍ 34 ആനകളാണ് കേരളത്തില്‍ ചരിഞ്ഞത്. കൂടാതെ ചരിഞ്ഞ ആനകളില്‍ പലതിനും മതിയായ ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ദിവസവും15 വയസ്സിനു മുകളില്‍ പ്രായമുള്ള ആനകള്‍ക്ക് മൂന്നുകിലോ ചോറ്, ഗോതമ്പ്-നാലു കിഗ്രാം, റാഗി-മൂന്ന് കിഗ്രാം, മുതിര-അര കിഗ്രാം, ചെറുപയര്‍-അര കിഗ്രാം, ഉപ്പ്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-10 ഗ്രാം, ശര്‍ക്കര-150 ഗ്രാം, മിനറല്‍ മിക്സ്ചര്‍-150 ഗ്രാം, പനമ്പട്ട, തെങ്ങോല, പുല്ല് തുടങ്ങിയ പച്ചിലത്തീറ്റ-250 കിഗ്രാം എന്നിവ നല്‍കണമെന്ന് വ്യക്തമാക്കുന്നു.
കൂടാതെ ചെറുപ്രായത്തിലുള്ള ആനകള്‍ക്കും ഭക്ഷണക്രമവും കുറഞ്ഞ അളവും നിശ്ചയിച്ചിട്ടുണ്ട്. ആഹാര രജിസ്റ്ററും വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കണം. ആറുമാസം കൂടുമ്പോള്‍ ലാബ് പരിശോധനയിലൂടെ ആനകളുടെ ആരോഗ്യസ്ഥിതി അധികൃതര്‍ മനസ്സിലാക്കണം.
രക്തപരിശോധന നടത്തി ഹീമോഗ്ലോബിന്‍, ടിഎല്‍ഡിസി, എല്‍എഫ്ടി, ആര്‍എഫ്ടി എന്നിവ വിലയിരുത്തണം. മൂത്രം, പിണ്ടം, കൃത്യമായ ഇടവേളകളില്‍ പാദം, ദന്തങ്ങള്‍ എന്നിവയും പരിശോധിക്കണം. ടെസ്റ്റോസ്റ്റെറോണ്‍, കോര്‍ട്ടിസോള്‍ നിലയും നോക്കണം. എന്നിവ പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എലിഫെന്റ് സ്ക്വാഡിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.