നിലമ്പൂര്‍: ഭക്ഷണവും കുടിവെള്ളവും കുറഞ്ഞതോടെ കാട്ടാനകള്‍ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നു. കൃഷിയിടങ്ങള്‍ തേടി എത്തുന്ന കാട്ടാനകള്‍ നാടുകാണി ചുരം വഴിയുള്ള യാത്രക്കാരെയും വനാതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നു. തമിഴ്നാട്, കര്‍ണാടക വനത്തില്‍നിന്നുള്ള കാട്ടാനകളാണ് ചുരം ഇറങ്ങുന്നത്.
പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകളിലെ വനത്തിന്റെ അതിര്‍ത്തിയിലുള്ള കൃഷിയിടങ്ങളില്‍ എത്തുന്ന ആനക്കൂട്ടം വാഴ, തെങ്ങ് എന്നീ കൃഷികള്‍ നശിപ്പിച്ചാണ് തിരികെ മടങ്ങുന്നത്.
കാട്ടാനകള്‍ക്ക് വെള്ളംകിട്ടാന്‍ കരിയംമുരിയം നെല്ലിക്കുത്ത് വനങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വനത്തിനുള്ളിലെ ജലസ്രോതസ്സ് എല്ലാം വറ്റിയതോടെ കുടിവെള്ളംതേടി എത്തുന്ന ആനകളുടെ എണ്ണം കൂടി വരികയാണ്.
ചുരത്തിലെ ആനത്താരകളുടെ പുനര്‍നിര്‍മ്മാണം നടത്തി വരികയാണ്. കാട്ടില്‍ നിന്നും ഇറങ്ങുന്ന ആനകള്‍ ചുരത്തില്‍ ചെലവഴിച്ച് പുതിയ വഴി കണ്ടെത്തിയാണ് ആനകള്‍ താഴേയ്ക്ക് ഇറങ്ങുന്നത്. ഇത് ചുരത്തില്‍ ഏറെ നേരത്തെ ഗതാഗത തടസ്സവും യാത്രക്കാരില്‍ ഭീതിയും നിറയ്ക്കുന്നു. ഇതേതുടര്‍ന്ന് ആനകള്‍ക്കായി വനത്തിനുള്ളില്‍ കുളങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.