കൊല്ലം: വന്‍നാശനഷ്ടമുണ്ടാക്കിയ ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം. ശനിയാഴ്ച കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും നവകേരള നിര്‍മാണത്തിന് എന്ന വിഷയത്തില്‍ കാലാവസ്ഥാവ്യതിയാന ഗവേഷകനും ഡല്‍ഹി സിഎസ്ഐആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. ജെ സുന്ദരേശന് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കാലാവസ്ഥയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഭാവിയില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതുമൂലം ഇപ്പോള്‍ കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളില്‍ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി, അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും 1990-നുശേഷം അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വേനല്‍മഴയും കൂടിയിട്ടുണ്ടെന്നും ഇതുമൂലം മണ്‍സൂണ്‍ കാലത്ത് മഴ കുറയുകയും മണ്‍സൂണിന് മുന്‍പോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിത്. കേരളത്തിലുണ്ടായ പ്രളയത്തിലേക്കു നയിച്ച പെരുമഴ ഇത്തരത്തിലുള്ളതാവാനുള്ള സാധ്യതയുണ്ട്.