കൊണ്ടോട്ടി: വിധവ, അവിവാഹിത പെന്ഷന് വാങ്ങുന്ന അനര്‍ഹരെ പിടികൂടാന്‍ ഒരുങ്ങി ധനവകുപ്പ്. ഇനിമുതല്‍ വിവാഹിതരല്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് പെന്ഷന് ലഭിക്കില്ലെന്ന നിബന്ധന കര്‍ശനമാക്കുന്നു.
വിധവകളോടൊപ്പം 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുമാണ് സര്‍ക്കാര്‍ ക്ഷേമപെന്ഷന് അനുവദിക്കുന്നത്. അവിവാഹിതര്‍ വിവാഹം കഴിച്ചിട്ടില്ലെന്നും വിധവകള്‍ പുനര്വിവാഹിതരല്ലെന്നുമുള്ള സാക്ഷ്യപത്രങ്ങളാണ് ഹാജരാക്കേണ്ടത്. മുമ്പ് ഗുണഭോക്താക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നല്കിയാല് മതിയായിരുന്നു.
എന്നാല്‍ വിധവാ, അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍ വിവാഹശേഷവും അനര്‍ഹമായി പെന്ഷന് കൈപ്പറ്റുന്നതായി ധനവകുപ്പിന്റെ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് നിബന്ധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. എല്ലാവര്‍ഷവും ഡിസംബറിലാണ് സാക്ഷ്യപത്രം നല്‍കേണ്ടത്. ഡിസംബറില്‍ സാക്ഷ്യപത്രം നല്കാത്തവരുടെ ക്ഷേമപെന്ഷന് തടഞ്ഞുവെക്കും.