തിരുവനന്തപുരം: ആക്രമിക്കുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ശാസ്ത്രീയ പഠനത്തിന് ഒരുങ്ങുന്നു. പന്നിയുടെ ആക്രമണം രൂക്ഷമായ മലയോര മേഖലകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്ഡന്മാര്ക്ക് അനുമതി നല്‍കുന്നതിനാണ് പഠനം നടത്താനായി പ്രഖ്യാപിച്ചത്.
കാട്ടുപന്നികള്‍ ഉപദ്രവകാരികളായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയാല് ഇവയെ വെടിവയ്ക്കാനുള്ള അധികാരം വൈല്‍ഡ് ലൈഫ് വാര്ഡന്മാര്ക്ക് ലഭിക്കും. വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയത്തിന് നല്‍കും. ഇതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.
മലയോര മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ് ഗൗരവമായി ആലോചിച്ചത്.
ഷെഡ്യൂള്‍ ഒന്നില്‍പ്പെടാത്ത ഏത് വന്യജീവിയെയും പ്രത്യേക സ്ഥലങ്ങളില്‍ നിശ്ചിത കാലയളവില്‍ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ മനുഷ്യ ജീവനോ, കൃഷിക്കോ നാശമുണ്ടാക്കുന്നതാവണം വന്യജീവിയെന്ന നിബന്ധനയുണ്ട്.