തിരുവനന്തപുരം: വീടിന്റെ മുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ‘സൗര’ പദ്ധതിയിലേക്ക് നാളെവരെ അപേക്ഷിക്കാം. വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതുവരെ 1.80 ലക്ഷത്തിലേറെ പേര് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരു ലക്ഷം പേരെയാണു വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു ലക്ഷം കവിയാനാണു സാധ്യത. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ അഞ്ഞൂറോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ ഫെബ്രുവരി മുതല്‍ വീടുകള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തും. ഇതിനുശേഷമായിരിക്കും വീടുകള്‍ തെരഞ്ഞെടുക്കുക.
കെഎസ്ഇബിയുടെയും അനെര്‍ട്ടിന്റെയും സംയുക്ത സംരംഭമാണ് ‘സൗര’. ഉപയോക്താക്കള്‍ക്കായി രണ്ടു മാതൃകകളാണു മുന്നോട്ടുവയ്ക്കുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബിയുടെ ചെലവില്‍ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി. ഇതില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്കു നല്‍കുകയോ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്കു നിശ്ചിത നിരക്കില്‍ കെട്ടിട ഉടമയ്ക്കു നല്‍കുകയോ ചെയ്യും.
രണ്ടാമത്തെ പദ്ധതിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ കെഎസ്ഇബി സൗരനിലയം സ്ഥാപിക്കും. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി വാങ്ങുകയോ സംരംഭകനു പൂര്‍ണമായി ഉപയോഗിക്കുകയോ ചെയ്യാം. രണ്ടു മാതൃകയിലും പരിപാലനവും അറ്റകുറ്റപ്പണിയും കെഎസ്ഇബി തന്നെ നിര്‍വഹിക്കും.