ചെങ്ങന്നൂര്‍: സിഎസ്ഐ സഭയിലെ സ്വേച്ഛാധിപത്യത്തിനും സാമ്പത്തിക ക്രമക്കേടുകള്‍ക്കുമെതിരെ ചെങ്ങന്നൂരില്‍ വിശ്വാസികള്‍ പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കി. ബിഷപ്പ് സ്ഥാനത്ത് നിന്ന് തോമസ് കെ ഉമ്മന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പ്രമേയം പാസാക്കിയിട്ടുണ്ട്.
ബിഷപ്പ് തോമസ് കെ ഉമ്മന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് കോഴ വാങ്ങിയും, സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നല്‍കിയും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വിശ്വാസികളുടെ ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ഒരു വിദ്യാര്‍ത്ഥിയ്ക്ക് എംബിബിഎസ് പ്രവേശനം അനുവദിച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ക്രമക്കേടിന് തെളിവാണ് ഒരു വര്‍ഷം ഒന്നിലധികം ഓഡിറ്റ് റിപ്പോര്‍ട്ടുകളുണ്ടാകുന്നത് എന്ന് വിശ്വാസികള്‍ വ്യക്തമാക്കി.
ബിഷപ്പ് ചെങ്ങന്നൂര്‍ ഇടവകയില്‍ കണക്കുകള്‍ അവതരിപ്പിക്കാനും പൊതുയോഗം കൂടാനും അനുവദിക്കുന്നില്ല. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരാതിയുമായെത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ വ്യാജ രേഖകള്‍ ചമച്ച് പൊലീസ് കേസുണ്ടാക്കുകയാണെന്നും വിശ്വാസികള്‍ കുറ്റപ്പെടുത്തി. അഴിമതി ചൂണ്ടിക്കാട്ടിയ ചെങ്ങന്നൂര്‍ ഇടവകയിലെ രണ്ട് കൗണ്‍സിലര്‍മാരെ പുറത്താക്കുകയും ചെയ്തിരുന്നു.