കോഴിക്കോട്: മിഠായിതെരുവില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. കമ്മീഷണറുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് വ്യാപാരികള്‍ ആവശ്യം ഉന്നയിച്ചത്. മിഠായിതെരുവിലെ കടകള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഹര്‍ത്താലില്‍ മിഠായി തെരുവില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്. ഹര്‍ത്താലില്‍ തുറന്ന കടകള്‍ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും തുടര്‍ന്ന് മറ്റൊരു വിഭാഗം എതിര്പ്പുമായെത്തുകയും ചെയ്തു. ഇത് പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയായിരുന്നെന്ന് വ്യാപാരികള്‍ പറഞ്ഞു.
എന്നാല്‍ ആദ്യഘട്ടത്തില്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് മുഖ്യപരിഗണന നല്‍കുകയെന്ന് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദീന് പറഞ്ഞു. പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് വ്യാപാരികളെയും ബാധിക്കുന്ന പ്രശ്നമാണെന്നും പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.