തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതാകുന്നവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയാണ്. ഇതില്‍ 11,761പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും കാണാമറയത്തുള്ളത് 692 പേരാണ്.
കാണാതായ 12,453 പേരില്‍ 3,033 പേര് പുരുഷന്മാരും 7,530 സ്ത്രീകളുമാണ്. 1,890 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളുമാണ്. 2018 ല്‍ 11640 കേസുകളാണ് കാണാതാകുന്നതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്.
ഇവരില്‍ 187 പുരുഷന്മാരെയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി.
ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവു കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്.