തൃശ്ശൂര്‍: സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയില്‍ വീടിന്റെ ടെറസ് കെഎസ്ഇബിയ്ക്കു വിട്ടുകൊടുക്കാന്‍ തയ്യാറായി നിരവധി പേര്. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി വീട്ടുടമയ്ക്ക് കെഎസ്ഇബി നല്കാന് തയ്യാറാണെന്ന് അറിയിച്ചതോടെ അപേക്ഷകളുടെ പ്രവാഹമായിരുന്നു.
കൂടാതെ മുഴുവന്‍ ചെലവും കെഎസ്ഇബി വഹിക്കുമെന്ന് പ്രഖ്യാപനം കേട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഇതിനോടകം പതിനായിരത്തിലേറെ പേര് അപേക്ഷ നല്കി. വീടിന്റെ ടെറസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഉത്പാദിപ്പിക്കുന്നതില്‍ നിന്നും നിശ്ചിത അളവ് വീട്ടുടമയ്ക്ക് നല്കി ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബി എടുക്കും.
വീട്ടുടമ പണം മുടക്കാന്‍ തയ്യാറെങ്കില്‍ മേല്‍ക്കൂരയില്‍ കെഎസ്ഇബി സൗരനിലയം സ്ഥാപിയ്ക്കാം. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രത്യേക നിരക്കില്‍ കെഎസ്ഇബി തന്നെ വാങ്ങും. കരാറടിസ്ഥാനത്തിലായിരിക്കും ഈ രീതി. ഇതിനായി 25 വര്‍ഷത്തേയ്ക്കു പ്രത്യേക കരാറുണ്ടാക്കും.
പദ്ധതിക്കായുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖേനയാണ് സ്വീകരിക്കുന്നത്. പരിശോധനകള്‍ ശേഷമാകും വീടുകള്‍ നിശ്ചയിക്കുക. അപേക്ഷിച്ച എല്ലാ വീട്ടുടമകള്‍ക്കും ലഭിക്കണമെന്നില്ല. സൗരോര്‍ജ്ജം സുഗമമായി ലഭിക്കാന്‍ ഇടയുള്ള സാഹചര്യം വീടിന്റെ ടെറസിലുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.