കോഴിക്കോട്: വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെടി ജലീല്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും കുറ്റവാളികളുടെ എണ്ണം കൂടി വരുന്നു. തര്‍ക്കങ്ങള്‍ വര്‍ധിച്ച് വരുന്നത് മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേഷത്തിലും ആചാരത്തിലും മാത്രം ഒതുങ്ങേണ്ടതല്ല മതവും വിശ്വാസവും. അത് തെളിയിക്കേണ്ടത് മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടേയും പെരുമാറ്റത്തിലൂടെയും വ്യക്തിബന്ധത്തിലൂടെയുമാണ്. എന്നാല്‍ അത് ഇല്ലാതാവുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ നാംകണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട് നിലവില്‍ വന്നതോടെ മൂന്ന് ജില്ലകളിലായി ചിതറിക്കിടക്കുന്ന മേഖലാ വഖഫ് ട്രൈബ്യൂണലുകള്‍ ഇനി ഇല്ലാതാകും. പുതിയ ട്രൈബ്യൂണല്‍ മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കൈകാര്യം ചെയ്യുന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
ട്രൈബ്യൂണലിനാണ് വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളിലുള്ള അപ്പീലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും മറ്റു വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരം. കേന്ദ്ര വഖഫ് ആക്ടില്‍ 2013ല്‍ വരുത്തിയ ഭേദഗതിയെ തുടര്‍ന്നാണ് സിംഗിള്‍ ട്രൈബ്യൂണലില്‍ മൂന്ന് അംഗങ്ങളാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മൂന്ന് മേഖലകളിലായി ട്രൈബ്യൂണലിനെ നിയോഗിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല.