പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനുള്ള സാധ്യത തേടി ബിജെപി. ആദ്യം കണ്ണന്താനത്തിന്റെ പേര് ഉയര്‍ന്നു കേട്ടത് പത്തനംതിട്ടയിലാണ്. എന്നാല്‍ അവിടെ യുഡിഎഫിന്റെ സിറ്റിങ് എംപി തന്നെ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയ- സാമുദായിക സാഹചര്യം അനുകൂലമാകില്ലെന്നാണ് സൂചന.
ഒപ്പം ക്രിസ്ത്യന്‍ സഭാകേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനയും അത്തരത്തിലാണ്. ഇതേ തുടര്‍ന്നാണു തൃശൂര്‍ സീറ്റിനെക്കുറിച്ചു ബിജെപിയില്‍ അനൗദ്യോഗിക ചര്‍ച്ച ഉയര്‍ന്നിട്ടുള്ളത്. ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൃശൂര്‍ കണ്ണന്താനത്തിനു സുരക്ഷിതവും യോജിച്ചതുമെന്നാണു വിലയിരുത്തല്‍. ഈ മണ്ഡലത്തിലെ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം ഇതിന് അനുകൂലമെന്നാണ് കണക്കൂകൂട്ടല്‍.
തൃശൂര്‍ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളില്‍ ഉണ്ട്. എങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ബിജെപി കേന്ദ്രനേതൃത്വം ആദ്യം മുതലേ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തൃശൂരില്‍ നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടെ കണ്ണന്താനം ഉറപ്പിച്ചാല്‍ സുരേന്ദ്രനു മറ്റൊരു മികച്ച മണ്ഡലം നല്‍കാനായിരിക്കും തീരുമാനം.
നേരത്തേ മുതല്‍ ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് തൃശൂരില്‍ മത്സരിക്കുമെന്നു പ്രചരിപ്പിച്ചിരുന്നു. ബിജെപി നേരിട്ട് 11 സീറ്റുകളിലും ബാക്കി ഘടകകക്ഷികള്‍ക്കും എന്ന ചര്‍ച്ചയും എന്‍ഡിഎയില്‍ ഉയര്‍ന്നിട്ടുണ്ട്. ബിജെപി തീരുമാനം തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, പാലക്കാട് എന്നീ മണ്ഡലങ്ങള്‍ക്കു പ്രത്യേക പരിഗണന എന്നതാണ്.