മലപ്പുറം: കോളേജ് ഡേ ആഘോഷത്തിന് വിശിഷ്ടാതിഥിയായി എത്തിയ നടനെ പ്രിന്‍സിപ്പല്‍ സ്റ്റേഡിന് നിന്നും ഇറക്കിവിട്ടു. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനെയാണ് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടത്. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. കുട്ടികളും പ്രിന്‍സിപ്പലും തമ്മില്‍ ഡ്രസ്സ്കോഡുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടനെ സ്റ്റേജില്‍ നിന്നും ഇറക്കി വിട്ടത്.
പ്രധാന പരിപാടികള്‍ക്കെല്ലാം വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത തീമിലുള്ള വസ്ത്രം ധരിച്ച് എത്താറുണ്ട്. എന്നാല്‍ ഇത് പ്രിന്‍സിപ്പല്‍ നേരത്തെ തന്നെ വിലക്കിയിരുന്നു. ഇത്തരം ഡ്രസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് എത്തിയാല്‍ അതിഥിയെ ക്യാംപസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതൊന്നും അനുസരിച്ചില്ല. ഇത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്സിനോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു.
പ്രശ്നം രൂക്ഷമായതോടെ തുടര്‍ന്ന് ഡെയ്സിനെ കോളേജില്‍ നിന്ന് മടങ്ങി അയച്ചു. പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇതോടെ സംഭവസ്ഥലത്ത് പോലീസ് എത്തി.