തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തു വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. ശബരിമല നട അടയ്ക്കുന്ന 20ന് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ രണ്ടുലക്ഷം പേര് പങ്കെടുക്കുമെന്നാണ് വിവരം. സംഗമത്തില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരം സംരക്ഷിക്കണമെന്ന ആവശ്യവുമായി 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരമാണ് കര്‍മസമിതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനു പകരം ധര്‍മസംരക്ഷണ മുദ്രാവാക്യവുമായി അയ്യപ്പഭക്ത സംഗമമാക്കി മാറ്റാന്‍ പിന്നീടു തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും.
മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18ന് വൈകിട്ടു നഗരത്തില്‍ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും. 20ന് വൈകിട്ട് മൂന്നിനു മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ വിശ്വാസികളുടെ നാമജപ യാത്രയും പൊതുപരിപാടികളും ഉണ്ടായിരിക്കും.
ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെ അയ്യപ്പ ഭക്തസംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സമിതി ജനറല്‍ കണ്‍വീനര്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്ജെആര്‍ കുമാര്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള മറ്റ് പ്രമുഖ ആധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പരിപാടിയില്‍ സന്നിഹിതരാവും.