കൊച്ചി: മുനമ്പം തുറമുഖം കേന്ദ്രീകരിച്ച് മനുഷ്യക്കടത്തും വലിയ തോതില്‍ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ബോട്ട് ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സുരക്ഷാ സംവിധാനങ്ങള്‍ പേരിനുപോലുമില്ലെന്നും വരുന്നതും പോകുന്നതുമായ ബോട്ടുകളുടെ എണ്ണവും പേരും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അറിയുക പോലുമില്ലെന്നും ബോട്ടുടമാ സംഘം ചെയര്മാന് പിപി ഗിരീഷ് പറഞ്ഞു.
ഇവിടെ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പിരിറ്റ് കടത്തും വെള്ളിക്കടത്തും പിടികൂടിയിട്ടുമുണ്ട്. അന്വേഷണത്തിന്റെയും മറ്റും പേരില്‍ നിരപരാധികളാണ് പലപ്പോഴും പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ബോട്ടുകളാണ് മുനമ്പത്ത് സ്ഥിരമായി വന്നുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരുടേതാണ്.
ഹാര്‍ബറില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തത് കാരണം മത്സ്യബന്ധനത്തിന്റെ പേരിലെത്തുന്ന യാനങ്ങളും തൊഴിലാളികളും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയാതെ വരുന്നു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ബോട്ടുടമകളുടെ ആവശ്യം ഹാര്‍ബര്‍ മാനേജ്മെന്റ് തള്ളിക്കളഞ്ഞെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് ഇറങ്ങുമെന്നും ബോട്ടുടമകള്‍ സൂചന നല്കി.