കോഴിക്കോട്: നാദാപുരം കല്ലാച്ചി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രധാന പ്രതികളായ അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തിലെ മൂന്ന് പേര് നാദാപുരം പോലീസ് പിടിയില്‍. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തിലെ പ്രതികള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു സംഭവം. കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തി തുറന്ന് ഒന്നര കിലോ സ്വര്‍ണവും ആറ് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘമാണെന്ന് പോലീസിന് നേരത്തെതന്നെ സൂചന കിട്ടിയിരുന്നു. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപുലി, സൂര്യ, രാജ എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.
സമാനമായ കവര്‍ച്ചാ സംഭവം കണ്ണൂര്‍ ജില്ലയിലുമുണ്ടായിരുന്നു. ഈ കേസില്‍ പിടിയിലായ പ്രതികളില്‍
നിന്നാണ് അന്വേഷണം അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇതേതുടര്‍ന്ന് പ്രതികള്‍ രണ്ടാഴ്ചയായി നാദാപുരം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൂടാതെ ജ്വല്ലറില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായി. കവര്‍ച്ചാ മുതല്‍ വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര് പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.