കോഴിക്കോട്: വിരല്‍ നാദം കൊണ്ട് മാന്ത്രികത സൃഷ്ടിച്ച പ്രിയകലാകാരന് ബാലഭാസ്കറിന്റെ വിയോഗത്തില്‍ ഇന്നും മലയാളികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. മരണം തട്ടിപ്പറിച്ച് കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഇന്നും എന്നും മലയാളികളുടെ ഹൃദയത്തില്‍ കാത്തു സൂക്ഷിക്കും. കാരണം അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ആരാധകര്‍ക്ക് ബാലു.
ബാലുവിന്റെ ഈണങ്ങള്‍ക്ക് വീണ്ടും ജീവന് പകര്‍ന്ന് ഒരുപാട് പരിപാടികള്‍ സുഹൃത്തുക്കളും ആരാധകരും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി വീടിന് മുന്നില്‍ ബാലുവിന്റെ ശില്‍പ്പം ഒരുക്കിയിരിക്കുകയാണ് രാമനാട്ടുകരയിലുള്ള സോബിനാഥ്. വലിയൊരു ആരാധകനാണ് താനെന്നും എന്നാല്‍ ഒരു തവണ പോലും അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ലെന്നും സോബിനാഥ് ദുഃഖത്തോടെ പറയുന്നു.
എന്നാല്‍ ശില്‍പ്പം പണി തീര്‍ന്നതോടെ ഇനിയെന്നും അദ്ദേഹത്തെ കാണാമെന്ന ആശ്വാസത്തിലാണ് ചിത്രകലാ അധ്യാപകനായ സോബിനാഥ്. കമ്പിയും സിമന്റും മണലും ഉപയോഗിച്ചാണ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. ഏഴടിയോളം ഉയരമാണ് ശില്‍പ്പത്തിനുള്ളത്. ഇതിന്റെ പണി പൂര്‍ത്തിയാക്കാനായി ഏകദേശം മൂന്ന് മാസം വേണ്ടി വന്നു.