ആലപ്പുഴ: കായല്‍ സൗന്ദര്യം ആസ്വദിക്കാനായി വിദേശി ദമ്പതികളുമായി കുട്ടനാട്ടില്‍ നിന്ന് പോയ ഹൗസ്ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം യുകെ സ്വദേശികളായ പീറ്റും അലക്സാന്ഡ്രിയയും അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം കായലിലാണ് അപകടമുണ്ടായത്.
ഹൗസ്ബോട്ട് ഉച്ചഭക്ഷണത്തിനായി നങ്കൂരമിട്ട സമയത്താണ് അപകടമുണ്ടായത്. ഭക്ഷണം കഴിക്കാനായി കുമരകത്തെ റിസോര്‍ട്ടില്‍ തങ്ങുകയായിരുന്ന ദമ്പതികള്‍ ഹൗസ്ബോട്ടില്‍ കയറിയ സമയത്താണ് തീപിടുത്തമുണ്ടായത്. അവിചാരിതമായി ഹൗസ്ബോട്ടിന്റെ അടിത്തട്ടില്‍ നിന്ന് പുക ഉയരുന്ന കണ്ട ദമ്പതികളും ജീവനക്കാരും പരിഭ്രാന്തരായി.
ഉടന്‍ തന്നെ ജീവനക്കാര്‍ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്താല്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീ ആളിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികളെ പുറത്തിറക്കി മറ്റൊരു ബോട്ടില്‍ കയറ്റി സുരക്ഷിതമായി റിസോര്‍ട്ടിലേക്ക് എത്തിച്ചു.അപ്പോഴേക്കും ഹൗസ്ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.