ന്യൂഡല്‍ഹി: പ്രളയാനന്തരം തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായമായി ചരക്ക്-സേവന നികുതിക്കുമേല്‍ (ജിഎസ് ടി ) ഒരു ശതമാനംവരെ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കാമെന്ന് ജിഎസ് ടി മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ. സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങള്‍ക്കുമേലാണ് ചുമത്തുന്നതെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. വ്യാഴാഴ്ചചേരുന്ന ജിഎസ് ടി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാല്‍ ജിഎസ് ടി കൗണ്‍സിലാണ് ഇതിന് അന്തിമാംഗീകാരം നല്‍കേണ്ടത്.
നേരത്തേ പ്രളയദുരന്തം നേരിടാന്‍ രാജ്യവ്യാപകമായി സെസ് ഏര്‍പ്പെടുത്താമെന്ന നിര്‍ദേശമാണ് മന്ത്രിതല ഉപസമിതി ചര്‍ച്ചചെയ്തിരുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തെ എതിര്‍ത്ത് ചില സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അധിക സെസ് പിരിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി അധ്യക്ഷനായ ഉപസമിതിയെ ചുമതലപ്പെടുത്തി.
ജിഎസ്ടിക്കുമേല്‍ സംസ്ഥാന തലത്തില്‍ സെസ് ഈടാക്കുന്നതിന് നിയമതടസ്സമില്ലെന്ന് വിഷയം പരിശോധിച്ച അറ്റോര്‍ണി ജനറലും സമിതിക്ക് റിപ്പോര്‍ട്ട് നല്കി. അതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിന്റെ വ്യാപ്തി ജിഎസ് ടി കൗണ്‍സിലിനെ ബോധ്യപ്പെടുത്തിയശേഷം സെസ് ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്കുന്ന വ്യവസ്ഥയ്ക്കാണ് ഇതോടെ വഴിതെളിഞ്ഞത്.
പുനര്നിര്മാണപദ്ധതികള്ക്കുള്ള പണം കണ്ടെത്താന്‍ പുറംവായ്പകള്ക്കുള്ള പരിധി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശത്തിനും ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി അംഗീകാരം നല്കി. ഈ ശുപാര്‍ശയും ജിഎസ് ടി കൗണ്‍സില്‍ യോഗം പരിഗണിക്കും