തിരുവനന്തപുരം: മഹാപ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള ധനസഹായ വിതരണം പുരോഗമിക്കുന്നതായി വിലയിരുത്തല്‍. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ പിഎച്ച് കുര്യന് ആണ് ധനസഹായ വിതരണത്തിന്റെ പുരോഗതി വിലയിരുത്തിയത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മ്മിക്കാനായി ലഭിച്ച 7,457 അപേക്ഷകളില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്കി.
അര്‍ഹരായ ബാക്കിയുള്ളവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും. 2,43,690ഓളം വീടുകളാണ് പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നത്. ഇതില്‍ 57,067 കുടുംബങ്ങള്‍ക്ക് തുക നല്‍കിയിട്ടുണ്ട്. ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ വീട് പുനര്‍നിര്‍മ്മാണത്തിന് അപേക്ഷകരെ സഹായിക്കാനായി ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.