തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പോലീസിന്റെ ചുമതലയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അല്ലാതെ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കല്‍ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി. യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് പുലര്‍ച്ചെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. കൂടാതെ യുവതികള്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു.
കനകദുര്‍ഗയും ബിന്ദുവും ഈ മാസം 24ന് ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. അന്ന് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെതുടര്‍ന്ന് പോലീസ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ ഉറച്ചു നിന്ന ഇവര്‍ക്ക് ദര്‍ശനം നടത്താനായി മറ്റൊരു ദിവസം അവസരമൊരുക്കുമെന്ന് അന്ന് പോലീസ് ഉറപ്പുനല്‍കിയിരുന്നു.
മലകയറാനാവാതെ അന്ന് മടങ്ങിയ യുവതികള്‍ ഡിസംബര്‍ 30ന് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. മല ചവിട്ടാനായി പോലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്. വിഐപി ഗെയ്റ്റ് വഴിയാണ് ഇവര്‍ സന്നിധാനത്തേക്ക് പ്രവേശിച്ചത്.