തിരുവനന്തപുരം: ശബരിലയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് അവിടേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ എതിര്‍ത്ത് മുഖ്യമന്ത്രി. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ്.
സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്നും മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാര്‍ക്കും സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ശബരിമലയില്‍ വരാനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.