ഇടുക്കി: നേരായ മാര്‍ഗം അറിയാനായി ഗൂഗിള്‍മാപ്പിനെ ആശ്രയിക്കുന്നവര്‍ക്ക് പണി കിട്ടുന്നത് സാധാരണ സംഭവമാണ്. യാത്രക്കാരെ വഴിതെറ്റിക്കുന്നത് ഗൂഗിള്‍ മാപ്പ് ഒരു പതിവ് പ്രവൃത്തിയാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ, മഹാരാഷ്ട്രയില്‍ നിന്നുമുള്ള സംഘത്തെയാണ് ഗൂഗിള്‍മാപ്പ് വഴിതെറ്റിച്ച് അപകടത്തിലാക്കിയിരിക്കുന്നത്.
മുംബൈയില്‍ നിന്നും എത്തിയ 19 പേരടങ്ങുന്ന സംഘം മൂന്നാറില്‍ നിന്നും തേക്കടിക്ക് പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. വഴി നിശ്ചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് എടുത്ത് ശരിയായ വഴി തെരഞ്ഞു. ഇടുക്കിയില്‍ നിന്നും മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള ഗൂഗിള്‍ മാപ്പ് കാട്ടിക്കൊടുത്ത ഇടുങ്ങിയ വഴിയിലൂടെ ഡ്രൈവര്‍ ബസ് ഓടിച്ചു. കുത്തനെയുള്ള കയറ്റത്തില്‍ ഉരുണ്ട് തിട്ടയിലിടിച്ച് ബസ് റോഡിലേക്ക് മറിഞ്ഞു.
അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരിക്കേറ്റു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്.