കണ്ണൂര്‍: ടിക്കറ്റില്ലാതെ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരെ വലയിലാക്കാനൊരുങ്ങി റെയില്‍വെ. ടിക്കറ്റില്ലാത്ത യാത്രികരെ പിടിക്കാന്‍ ഇനി സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് കൊടുക്കുന്നവരേയും റെയില്‍വെ നിയോഗിക്കുന്നു. എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലര്‍ക്ക് (ഇസിആര്സി.) ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തുക. ടിക്കറ്റില്ലാത്ത യാത്രികരെ കണ്ടെത്തി പിഴയിനത്തില്‍ വരുമാനം കൂട്ടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പ്പനയുടെ 65 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ റിസര്‍വേഷന്‍ ഉദ്യോസ്ഥരുടെ എണ്ണം കൗണ്ടറില്‍നിന്ന് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് അവരെ പരിശോധകരായി നിയോഗിക്കുന്നത്. ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്.
എന്നാല്‍ റിസര്‍വേഷന്‍ ഉദ്യോസ്ഥര്‍ക്ക് പുറമെ അടുത്തവര്‍ഷം വരെ മജിസ്റ്റീരിയല്‍ സ്ക്വാഡും പരിശോധന തുടരും. ടിക്കറ്റില്ലാത്തവരെ പിടിച്ചാല്‍ അപ്പോള്‍ത്തന്നെ പിഴയടയ്ക്കാനും അടയ്ക്കാത്തവരെ നിയമനടപടിക്ക് കൊണ്ടുപോകാനും അധികാരമുള്ളവരാണ് മജിസ്റ്റീരിയല്‍ സ്ക്വാഡ്. മജിസ്ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സ്ക്വാഡിനെ നയിക്കുക.
യാത്രികരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ രാത്രി പത്തുമുതല്‍ ആറുവരെ ടിക്കറ്റ് പരിശോധന പാടില്ലെന്ന നിയമം റെയില്‍വെ കര്‍ശനമാക്കുന്നു. രാവിലെ ആറുമുതല്‍ രാത്രി പത്തു മണിവരെ കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്താം. എന്നാല്‍, റിസര്‍വേഷനില്ലാത്ത യാത്രികരുടെ ടിക്കറ്റ് നോക്കാന്‍ പരിശോധകര്‍ക്ക് ഈ നിയമം തടസ്സമല്ല.