തിരുവനന്തപുരം: കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കാര്‍ഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ഫെബ്രുവരി 28 വരെ നല്‍കാം. മുമ്പ് പ്രഖ്യാപിച്ച തീയതി പുനര്‍നിശ്ചയിച്ച് ഉത്തരവിറക്കി. അപേക്ഷയോടൊപ്പം ‘സി’ ഫാറത്തില്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച ഒരു പകര്‍പ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും സമര്‍പ്പിക്കണം.
അപേക്ഷയില്‍ ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം. കൂടാതെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴില്‍ കൃഷിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നിലനില്ക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്/ ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്മെന്റ് എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.