കല്‍പ്പറ്റ; ആയുധങ്ങളുമായി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. തോക്കും കത്തിയുമായി എത്തിയ മാവോവാദി സംഘം ഹിന്ദുത്വത്തിന് എതിരേ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒമ്പതംഗ സംഘം രാത്രി എട്ട് മണിയോടെ തലപ്പുഴക്കടുത്ത് അയനിക്കല്‍ പിഎസ് ഫിലിപ്പിന്റെ കടയിലാണ് എത്തിയത്.
മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരികരിച്ച കുഞ്ഞോം വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് അയനിക്കല്‍. എന്നാല്‍ ഈ പ്രദേശത്ത് ആദ്യമായാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്. ഫിലിപ്പിന്റെ കടയില്‍ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങിയാണ് സംഘം തിരികെ പോയത്. മലയാളത്തിലാണ് ഇവര്‍ സംസാരിച്ചത്.ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളാണ് സംഘം പതിച്ചത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളും നാട്ടുകാര്‍ക്ക് വിതരണം ചെയ്തു.
പോസ്റ്ററിന്റെയും ലഘുലേഖയുടെയും ചിത്രം കടയിലുണ്ടായിരുന്ന വ്യക്തിയോട് മൊബൈലില്‍ പകര്‍ത്താനും ഇവര്‍ ആവശ്യപ്പെട്ടു. കടയില്‍ നിന്നും ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്കി. മാവോസംഘത്തിലെ എല്ലാവരുടെയും കയ്യില്‍ വലിയ തോക്കും കത്തിയും ഉണ്ടായിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ പോലീസും തണ്ടര്‍ബോള്‍ട്ടും അയനിക്കല്‍ പ്രദേശത്തെത്തി തെരച്ചില്‍ നടത്തി.