കണ്ണൂര്‍ : മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ച് കൈമാറുകയോ വില്‍പ്പനനടത്തുകയോ ചെയ്യുന്നത് ഇനി ഏഴുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തില്‍ വരുന്നതോടെയാണിത്.
കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്സൈസ് വകുപ്പ് സര്‍ക്കാരിന്റെ അനുമതിതേടി. ഇതനുസരിച്ച് കേസെടുത്താല്‍ കുട്ടികളെ ഉപയോഗിച്ചുള്ള ലഹരികടത്തും കുട്ടികളുടെ ലഹരി ഉപയോഗവും ഒരു പരിധിവരെ തടയാനാകുമെന്നാണ് കരുതുന്നത്.
നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയിലെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെങ്കിലും നിസാരമായ ശിക്ഷയാണ് നല്‍കുന്നത്. 200 രൂപ പിഴചുമത്തി വിടുന്നതിനാല്‍ സ്കൂള്‍ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാവുകയാണ്. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപകമാണെന്നാണ് എക്സൈസ് വകുപ്പ് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട്.