കോഴിക്കോട്: ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര് കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിലാണ് സംഭവം. ടൗണില്‍ സ്ഥിതി ചെയ്യുന്ന റിന്‍സി ജൂവലറിയില്‍നിന്നാണ് 220 പവന് സ്വര്‍ണാഭരണവും (ഒന്നേമുക്കാല്‍ കിലോഗ്രാം) മൂന്നരലക്ഷം രൂപയും ആറുകിലോ വെള്ളി ആഭരണങ്ങളും മോഷണം പോയത്.
വാണിമേല്‍ റോഡില്‍ പഴങ്കൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ള ജൂവലറിയിലാണ് മോഷണം നടന്നത്. പിന്‍ഭാഗത്തെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കരുതുന്നു. ചുമര് തുരക്കാനുപയോഗിച്ച കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
ചൊവ്വാഴ്ച രാവിലെ ഒന്പതരമണിയോടെ ഉടമ കേളു ജൂവലറി തുറന്നപ്പോഴാണ് കവര്‍ച്ചനടന്നതായി അറിയുന്നത്. ജൂവലറിക്കുള്ളിലെ ലോക്കര്‍, സീലിങ്, ഗ്ലാസ് തുടങ്ങിയവ തകര്ക്കപ്പെട്ടനിലയിലായിരുന്നു. ലോക്കറിനകത്ത് കയറിയപ്പോഴാണ് രണ്ട് അലമാരകളിലായി സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇയാള്‍ ഉടന്‍തന്നെ നാദാപുരം പോലീസില്‍ വിവരമറിയിച്ചു.
പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി തെളിവുകള്‍ ശേഖരിച്ചു. ഉച്ചയോടെ ബാലുശ്ശേരിയില്‍നിന്ന് എത്തിയ ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. കൂടുതല്‍ അന്വേഷണത്തിനായി എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു.