ആലപ്പുഴ: 59ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി ഒരുങ്ങി ആലപ്പുഴ. പ്രളയത്തെ തുടര്‍ന്ന് കലോത്സവം 3 ദിവസമായി ചുരുക്കിയിരുന്നു. എന്നിരുന്നാലും ഒട്ടും മാറ്റ് കുറയാതെയാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
വിവിധ വേദികളുടെ അറ്റുകുറ്റ പണികള്‍ക്കായി 25 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. 30 വേദികള്‍ 15,000ത്തോളം മത്സരാര്‍ത്ഥികളാണ് അണിനിരക്കുക. കലോത്സവത്തിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വേണ്ടെന്നു വെച്ച പ്രധാന വേദിയും പന്തലും കെട്ടാന്‍ തീരുമാനമായി.3000 പേര്‍ക്കിരിക്കാവുന്ന മുഖ്യ വേദിയുടെ നിര്‍മാണം ആലപ്പുഴ ലിയോ തെര്റ്റീന്ത് സ്കൂളില്‍ പുരോഗമിക്കുകയാണ്.
നഗരത്തിലെ തന്നെ സ്കൂളുകളുടെ ഓഡിറ്റോറിയങ്ങള്‍ വേദികളാക്കാനായിരുന്നു ആദ്യ തീരുമാനം. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ സംഘാടക സമിതി മാറ്റം വരുത്തിയത്. കൂടാതെ മത്സരാര്‍ത്ഥികള്‍ക്ക് വേദികളിലേക്കും താമസ സ്ഥലത്തേക്കും സഞ്ചരിക്കാന്‍ 18 സ്കൂള്‍ ബസുകള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. ഓട്ടോറിക്ഷകള്‍ സൗഹൃദ യാത്രകളും സംഘടിപ്പിക്കും.