കോഴിക്കോട്: തിരുവമ്പാടിയില്‍ വൈരക്കല്ല് തട്ടിപ്പ് കേസില്‍ വൈദികന് ഒളിവില്‍. കച്ചവടത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വൈദികന് പണം തട്ടിയെടുത്തത്. താമരശ്ശേരി രൂപതയ്ക്ക് കീഴിലെ വികാരി ഫാദര്‍ ജോസഫ് പാംപ്ലാനിയാണ് 90 ലക്ഷം രൂപയോളം തട്ടിയെടുത്തത്.
സംഭവത്തില്‍ എബ്രഹാം എന്ന ബേബിച്ചന് പ്ലാത്തോട്ടത്തിലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ വൈദികന് ഒളിവില്‍ പോവുകയായിരുന്നു. കണ്ണൂര്‍ ആലക്കോട് ഉദയഗിരിയില്‍ വൈരക്കല്‍ നിക്ഷേപമുണ്ടെന്നും ഇത് പുറത്തെടുത്ത് വില്പന നടത്താന്‍ സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു തിരുവമ്പാടി സ്വദേശി ബേബിച്ചന് പ്ലാത്തോട്ടത്തിലിന് വൈദികനും സഹോദരനും നല്കിയ വാഗ്ദാനം.
2014ല്‍ തിരുവമ്പാടി പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരിയായിരിക്കെയാണ് ഫാദര്‍ ജോസഫ് പാംപ്ലാനിയും സഹോദരന് സെബാസ്റ്റ്യന്‍ എബ്രഹാമും തട്ടിപ്പ് നടത്തിയത്. 25 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്കി പല ഘട്ടങ്ങളിലായി 89.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരന് പറയുന്നു.
കോഴിക്കോട് സെഷന് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിശ്വാസികള്‍ ഒന്നടങ്കം വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ രൂപത എല്ലാ ചുമതലകളില്‍ നിന്നും വൈദികനെ മാറ്റി.