തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ആവശ്യങ്ങള്‍ എംപിമാര്‍ ഒന്നിച്ചുനിന്ന് നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എംപിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം ബാധിച്ച കേരളത്തിന്റെ പുനഃസ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ വേണം. 5000 കോടിയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2500 കോടിയുടെ സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
ദേശീയ ദുരന്തപ്രതികരണ സേനാകേന്ദ്രം കേരളത്തില്‍ ആരംഭിക്കണമെന്ന ആവശ്യവും തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ദിവസം വര്ധിപ്പിക്കണമെന്നുംപ്രളയ സഹായം ആവശ്യപ്പെടുമ്പോള്‍ എംപിമാരുടെ മനസ്സിലുണ്ടാവണം.കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം വര്‍ധിപ്പിക്കുക, വായ്പാപരിധി മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കണം.
മാനദണ്ഡപ്രകാരം ലഭിക്കുന്ന തുകകൊണ്ട് പഴയത് പുനസ്ഥാപിക്കാന്‍ പോലും കഴിയില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നയം മൂലം ചില വഴികള്‍ അടഞ്ഞുപോയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.