കൊച്ചി: കായലില്‍ മീന്‍ പിടിക്കുന്നതിനിടെ വലയില്‍ പെട്ടത് കറുത്തഗോളം. വലയില്‍ കുടുങ്ങിയ കറുത്ത ഗോളാകൃതിയിലുള്ള വസ്തു വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത ഉടനെ തീപിടിച്ചതോടെ നാട്ടുകാര്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇടക്കൊച്ചി കായലില്‍ നിന്നാണ് അത്ഭുത വസ്തു വലയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
ഇടക്കൊച്ചി, പൂത്തുറ വീട്ടില്‍ സുരേഷിന്റെ നീട്ടുവലയിലാണ് കറുത്ത ഗോളാകൃതിയിലുള്ള സ്ഫോടക വസ്തു കുടുങ്ങിയത്. വെള്ളത്തില്‍ നിന്ന് പുറത്തേക്ക് എടുത്ത ഉടനെ ഇതില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങി. ഇത് കണ്ട് പരിഭ്രാന്തനായ സുരേഷ് ഇതെടുത്ത് കരയിലേക്ക് എറിഞ്ഞു. അവിടെ കിടന്നാണ് തീ പിടിച്ചത്.മാലപ്പടക്കത്തിന് തീപിടിച്ച പോലെയാണ് ഇത് കത്തിയത്.
ചൈനീസ് പടക്കം പൊട്ടുന്ന ശബ്ദത്തോടെയാണ് ഈ വസ്തു കത്തിയത്. കൂടാതെ തീയും പുകയും ഉയര്‍ന്നു. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഒരു കിലോഗ്രാംഭാരമുള്ള വസ്തുവായിരുന്നു ഇത്. പ്രളയശേഷം ഈ രീതിയില്‍ ശബ്ദത്തോടെ കത്തുന്ന കറുത്ത നിറമുള്ള വസ്തു പലതവണ ഇടക്കൊച്ചി കായലില്‍ നിന്ന് ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പരിശോധനയൊന്നും ഉണ്ടായില്ല.