ആലുവ: ബാങ്കില്‍ പണയംവെച്ച സ്വര്‍ണം അസി. മാനേജര്‍ കവര്‍ന്നു. ദേശസാത്കൃത ബാങ്കില്‍ പണയം വെച്ചിരുന്ന രണ്ടരക്കോടി രൂപയുടെ സ്വര്‍ണം മാറ്റി പകരം മുക്കുപണ്ടം വെച്ചായിരുന്നു അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ്. സംഭവത്തില്‍ യൂണിയന് ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജരും അങ്കമാലി സ്വദേശിനിയുമായ സിസ്മോള്‍ (36) ക്കെതിരേ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്കി.
128 ഇടപാടുകാരില്‍നിന്ന് ബാങ്ക് ഈടായി സ്വീകരിച്ച 8,852 ഗ്രാം സ്വര്‍ണമാണ് മോഷണം പോയത്. ഇത് 1106.5 പവനോളം വരും. ബാങ്കില്‍ പണയ ഇടപാടുകളുടെ ചുമതല വഹിച്ചിരുന്നത് സിസ്മോളാണ്. ഈ സൗകര്യമുപയോഗിച്ച് ലോക്കറില്‍നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ കൈക്കലാക്കിയ ശേഷം സിസ്മോള്‍ അതേ രൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെയ്ക്കുകയായിരുന്നു. പല ഘട്ടങ്ങളിലായാണ് ഇത്രയധികം സ്വര്‍ണം കവര്‍ന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ ഒരാള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ലോക്കറുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 128 കവറുകളില്‍ മുക്കു പണ്ടങ്ങളാണെന്ന് വ്യക്തമായി. തട്ടിപ്പ് കണ്ടെത്തിയ ദിവസം സിസ്മോള്‍ എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതല്‍ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുടുംബ സമേതം മുങ്ങി.
ശനിയാഴ്ച രാത്രിയാണ് ബാങ്ക് മാനേജര്‍ ഷൈജി നല്കിയ പരാതിയെ തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസ്മോളെയും ഭര്‍ത്താവ് സജിത്തിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആലുവ പോലീസ്. ഇവര്‍ ബംഗളൂരുവിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണ സംഘം അവിടേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അങ്കമാലിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആ നീക്കം ഉപേക്ഷിച്ചു. തട്ടിപ്പില്‍ ഭര്‍ത്താവിന് പങ്കുണ്ടോയെന്ന് ജീവനക്കാരിയെ പിടികൂടിയ ശേഷമേ വ്യക്തമാകൂ എന്ന് സിഐ വിശാല്‍ ജോണ്സണ് പറഞ്ഞു.