പത്തനംതിട്ട: പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പണി മതിയാക്കിക്കോളാന്‍ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്താണ് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ഒരുങ്ങുന്നത്. പൊതുജന സഹകരണത്തോടെ നാട്ടിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ വലവിരിച്ചുകഴിഞ്ഞു.
അവശിഷ്ടങ്ങള്‍ തള്ളുന്നവരെ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പരമാവധി 1,000 രൂപ വരെ നല്‍കാനും പദ്ധതിയുള്ളതായി പ്രസിഡന്റ് റെജി ശാമുവേല്‍ പറഞ്ഞു.
മല്ലപ്പള്ളിയെ മാലിന്യവിമുക്തമാക്കുവാന്‍ പഞ്ചായത്ത് ശ്രമങ്ങള്‍ നടത്തിവരവേ ചില സാമൂഹികവിരുദ്ധര്‍ പാതയോരത്തും നീര്‍ച്ചാലുകളിലും പുരയിടങ്ങളിലേക്കുപോലും മാലിന്യം തള്ളുന്നതാണ് നീക്കത്തിന് പ്രധാന കാരണം.
മാലിന്യം തള്ളുന്നവരെ അധികൃതര്‍ക്ക് മുന്നിലെത്തിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഇവര്‍ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ (ഫോട്ടോ/വീഡിയോ) സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുക, ഇതുവഴി പഞ്ചായത്തിന്റെ ശ്രദ്ധക്ഷണിക്കാം. കൂടാതെ മാലിന്യം തള്ളുന്നവരുടെ പേരുവിവരങ്ങളും വാഹനത്തിന്റെ നമ്പറും അറിയിക്കുക. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറാം.
കൃത്യമായി വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും സ്ഥാപിച്ചിട്ടുള്ള ജാഗ്രതാ സമിതിയുടെ പരാതിപ്പെട്ടിയില്‍ എഴുതിയിടാം. വ്യക്തിയോ സ്ഥാപനമോ മാലിന്യം തള്ളിയെന്ന് ബോധ്യപ്പെട്ടാല്‍ പഞ്ചായത്തുരാജ് നിയമങ്ങള്‍ക്ക് വിധേയമായി നടപടി സ്വീകരിക്കും. കൂടാതെ പേരും വിവരങ്ങളും പരസ്യപ്പെടുത്തും.