തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് പഠന റിപ്പോര്‍ട്ട്. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് നയിച്ചതെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിശക്തമായ മഴയില്‍ എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നു വിട്ടതാണ് പ്രളയം രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാം ഓപ്പറേഷന് മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിങ്ങനെ കേന്ദ്ര ജലകമ്മീഷന് കര്‍ശനമായി പാലിക്കണം എന്ന് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കേരളത്തിലെ ഒരു ഡാമിലും പാലിക്കപ്പെടുന്നില്ല. കൂടാതെ തോട്ടപ്പള്ളി സ്പില്‍ വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകള്‍ കൃത്യസമയത്ത് തുറക്കാതിരുന്നതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സ്കൈമെറ്റും നല്കിയ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്ത് ജനങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കിയില്ല എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൂടാതെ, അണക്കെട്ടില്‍ വലിയ തോതില്‍ അടിഞ്ഞു കൂടിയിരുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതിരുന്നതും വന്‍ വീഴ്ചയാണ്. ജലസംഭരണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാഡ്സിന്റെ കോഡ് അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.