കൊച്ചി: അച്ഛനായും മുത്തശ്ശനായുമൊക്കെ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഉണ്ണിക്കൃഷ്ണന് നമ്പൂതിരിക്ക് ബുധനാഴ്ച 95 വയസ്സ് തികഞ്ഞു. തിരുവോണം നാളില്‍ ജനിച്ച അദ്ദേഹത്തിന്റെ പിറന്നാള്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷിച്ചത്. വടുതല പള്ളിക്കാവ് ക്ഷേത്ര ഹാളില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തായിരുന്നു പിറന്നാള്‍ ആഘോഷം.
കല്യാണരാമന്, ദേശാടനം തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങള്‍ തന്നെ മതിയായിരുന്നു അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ സ്വന്തം മുത്തച്ഛനായി മാറാന്‍. പയ്യന്നൂര്‍ കോറോം സ്വദേശിയായ നമ്പൂതിരി ഇളയ മകന് അഡ്വ. പിവി കുഞ്ഞികൃഷ്ണന്റെ വടുതലയിലെ വീട്ടിലാണ് ഇപ്പോള്‍ താമസം.
പിറന്നാള്‍ ആഘോഷത്തിന് മധുരമേകിയത് കൊച്ചുമകനും പിന്നണി ഗായകനുമായ ദീപാങ്കുരന്റെ പാട്ടായിരുന്നു. മുത്തച്ഛന് അഭിനയിച്ച ദേശാടനത്തിലെ ”കളി വീടുറങ്ങിയല്ലോ” എന്ന ഗാനമാണ് ആദ്യം പാടിയത്. ആ പാട്ടിന് വരികള്‍ എഴുതി സംഗീതം നല്കിയ ദീപാങ്കുരന്റെ അച്ഛനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പുതിരിയും എത്തിയിരുന്നു. പ്രായം തനിക്കൊരു പ്രശ്നമല്ലെന്നും ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.