തിരുവനന്തപുരം: സുപ്രീംകോടതി വിധിപ്രകാരം ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കുന്നതില്‍ മുഴുവനാളുകളും പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് സാറാ ജോസഫ്. ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്ന സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണയ്ക്കാന്‍, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പൊതുജനം ഒരേ മനസ്സോടെ നില്‍ക്കണമെന്ന് സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിധി നടപ്പിലാക്കുന്നതിനെതിരെയുള്ള കുറച്ചുപേരുടെ എതിര്‍പ്പിനെ തള്ളിക്കളയണം.
ലോകത്തിനുതന്നെ മാതൃകയായ ഭരണഘടനയ്ക്കുനേരെയുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ജനം ഭരണകൂടത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതിനെ പ്രതിരോധിക്കാന്‍ കഴിയാത്തനിലയിലേക്ക് രാജ്യത്തെ പാകപ്പെടുത്തുകയാണ് ഒരുകൂട്ടര്‍ ചെയ്യുന്നത്- സാറാ ജോസഫ് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും കാണിക്കുന്നത് കണ്ട് സങ്കടം തോന്നുന്നുവെന്നും ഇത്രയേറെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും കാലം കോണ്‍ഗ്രസിന് മാപ്പ് നല്‍കില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചാന്നാര്‍ സ്ത്രീകള്‍ ബ്ലൗസിടാന്‍ പാടില്ലെന്നും സവര്‍ണരെ കണ്ടാല്‍ 36 അടി ദൂരത്തേക്ക് മാറിനടക്കണമെന്നുമുള്ള സ്ഥിതിയില്‍നിന്ന് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് സവര്‍ണരുടെ മേല്‍മുണ്ടും തലപ്പാവും പിടിച്ചെടുക്കുന്ന തരത്തിലേക്ക് വളര്‍ന്നത്. ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് മനുഷ്യന് സ്വന്തംകാലില്‍ നില്‍ക്കാനാവുന്ന നിലയിലേക്ക് നവോത്ഥാനനായകര്‍ കേരളത്തെ ഉഴുതുമറിച്ചതെന്ന് അവര്‍ വ്യക്തമാക്കി.