മലപ്പുറം: ഇനി കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് എടിഎം കാര്‍ഡുവഴി ടിക്കറ്റെടുക്കാം. എടിഎം കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാനും പണം മുന്‍കൂര്‍ അടച്ച് സ്മാര്‍ട്ട് സീസണ് കാര്‍ഡ് സ്വന്തമാക്കാനും കഴിയുന്ന ന്യൂജെന്‍ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീന് മലപ്പുറത്തും നടപ്പിലാക്കുന്നു.
ബുധനാഴ്ച തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ പുതിയ മെഷീനുകളുടെ പരീക്ഷണം നടത്തി വിജയമാണെന്ന് ബോധ്യപ്പെട്ടശേഷമാകും തുടര്‍ നടപടി. സംസ്ഥാനത്താകെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന ഏഴായിരത്തോളം ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകളാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്.
ഇതോടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. നിലവില്‍ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീന് വഴിയാണ് ടിക്കറ്റ് നല്കുന്നതെങ്കിലും ചില്ലറപൈസയുടെ കുറവ് ജീവനക്കാരുടെ സമയം കവരുന്നുണ്ട്. പുതിയ മെഷീനുകള്‍ വിതരണംചെയ്യുന്നതോടെ ചില്ലറ-സമയനഷ്ട പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. കൂടാതെ ഭാവിയില്‍ ദീര്‍ഘദൂര സര്‍വ്വീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റെടുക്കുന്നതിനുപുറമെ വിവിധ വാലറ്റുകള്‍, ക്യുആര്‍ കോഡ് എന്നിവ ഉപയോഗിക്കാനും മെഷീനില്‍ സൗകര്യമുണ്ടാകും.