തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ‘എന്റെ കൂട്’ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി കെകെശൈലജ ഉദ്ഘാടനം ചെയ്തു.
തലസ്ഥാനത്ത് രാത്രി ഒറ്റ പെട്ട് പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഉപകാരമാണ് ഈ പദ്ധതി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി തൊഴില്‍ അന്വേഷിച്ചും മറ്റും എത്തുന്ന സ്ത്രീകളും കുട്ടികളും നഗരത്തിന്റെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലും കടത്തിണ്ണയിലും ബസ്റ്റാന്റിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെടുന്ന ഇവര്‍ പലതരത്തിലുള്ള ആക്രമങ്ങള്‍ക്കും ഇരയാകുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തില്‍ എന്റെ കൂട് ആരംഭിച്ചത്.
സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പടെ 12 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാണ്. വൈകിട്ട് അഞ്ചുമണി മുതല്‍ രാവിലെ എട്ട് മണിവരെയാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. 50പേര്‍ക്കാണ് ഒരു സമയം ഇവിടെ താമസിക്കാന്‍ സാധിക്കുക.
സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണം, ടിവി, മുഴുവന്‍ സമയ സെക്യൂരിറ്റി തുടങ്ങിയവ ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഈ സൗകര്യം സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുക. രണ്ട് വാച്ച്മാന്, മാനേജര്‍, രണ്ട് മിസ്ട്രസ്മാര്, സ്കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരെയാണ് എന്റെ കൂടിന്റെ മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.