തൃശ്ശൂര്‍: വ്യാജ ഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ബസ് കണ്ടക്ടര്‍ ചേര്‍പ്പ് സ്വദേശി മിഥുന് തൃശ്ശൂരില്‍ അറസ്റ്റില്‍. ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് ഇയാള്‍ നാട്ടുകാരെ ധരിപ്പിച്ചത്.
പോലീസുകാരനാകാന്‍ കൊതിച്ച മിഥുന് പോലീസിന്റെ വേഷവും ജീപ്പും പിസ്റ്റളും ഒപ്പിച്ചെടുത്ത് തന്റെ മോഹമങ്ങ് തീര്‍ത്തു. നാട്ടുകാര്‍ ബഹുമാനിച്ച് തുടങ്ങിയതോടെ ആ വേഷമങ്ങ് സ്ഥിരമാക്കി.
ചേര്‍പ്പ് ഇഞ്ചമുടി സ്വദേശിയായ മിഥുന് ആര് ഭാനുകൃഷ്ണ ഐപിഎസ് എന്ന പേരിലാണ് തട്ടിപ്പുകള്‍ നടത്തിയത്. തൃശ്ശൂര്‍ താളിക്കുണ്ടിലുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍ ഇന്നലെ രാത്രി എത്തിയപ്പോഴാണ് വിലങ്ങ് വീണത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ഇത് തെളിയിക്കാന്‍ വ്യാജ ഉത്തരവും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു.
മെഡിക്കല്‍ കോളേജിന് സമീപം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജ് ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിര്‍ധന കുടുംബത്തിലുള്ള തനിക്ക് ഐപിഎസ് കിട്ടിയെന്നും പരിശീലനത്തിന് പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. പോലീസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും മിഥുന് പണം തട്ടിയിട്ടുണ്ട്. മിഥുനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിക്കുന്നുണ്ട്.