നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു. അതേസമയം, ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.
കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.